ആലപ്പുഴ: തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ വിഷയത്തിൽ പരസ്യസംവാദത്തിന് കെ.സി. വേണുഗോപാലിനെ ക്ഷണിച്ച് മുൻ എംപി എ.എം. ആരിഫ്. മറ്റുള്ളവർ പൊരുതി നേടിയ നേട്ടം സ്വന്തം നേട്ടമായി ചിത്രീകരിക്കുകയാണ് എംപിയെന്നും എ.എം. ആരിഫ്, മന്ത്രി പി. പ്രസാദ്, എംഎൽഎമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാത ഇരട്ടിപ്പിക്കലിന് അനുമതി നേടിയതും നിർമാണം ആരംഭിച്ചതും താൻ എംപിയായിരുന്ന കാലത്താണെന്നും "പൊരുതി നേടിയ വിജയം' എന്ന പേരിൽ മണ്ഡലത്തിലുടനീളം കെ.സി. വേണുഗോപാൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ അഭിമാനമുണ്ടെങ്കിൽ എടുത്തു മാറ്റണമെന്നും ആരിഫ് പറഞ്ഞു.
2019ൽ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾത്തന്നെ ആലപ്പുഴ തീരദേശ റെയിൽവേ പാത ഇരട്ടിപ്പിക്കൽ ശ്രമങ്ങൾക്കു തുടക്കം കുറിച്ചു. ഇതിനായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് സമർപ്പിച്ച റിപ്പോർട്ട് റെയിൽവേ ബോർഡിനു കൈമാറി. റെയിൽവേ ബോർഡ് ചെയർമാൻ ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ മുഴുവൻ ചുമതലയും റെയിൽവേ നടത്തണമെന്ന് ശിപാർശ ചെയ്തു.
എറണാകുളം-കുമ്പളം-595.39 കോടിയുടെയും കുമ്പളം-തുറവൂർ 802.8 കോടിയുടെയും പ്രവർത്തന, ഭരാനുമതി ലഭിച്ചത് 2023 ഏപ്രിൽ മൂന്നിനാണ്. അതിനുശേഷമാണ് തുറവൂർ-അമ്പലപ്പുഴ പാതയുടെ വർക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതിക്കായുള്ള പരിശ്രമം നടത്തിയത്. അതിന്റെ ഫലമായി 2024 ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ 1000 കോടി വകയിരുത്തുകയും ഈ വർഷം 500 കോടി അനുവദിച്ച് ഉത്തരവാകുകയും ചെയ്തിട്ടുണ്ട്.അതിന്റെ ഭരണാനുമതിയും സാങ്കേതിക അനുമതിയും കിട്ടാൻ സ്വാഭാവികമായും എടുക്കുന്ന സമയമേ എടുത്തിട്ടുള്ളൂ.